Saturday, June 11, 2011

Autograph- സിനിമയില്‍ നിന്നുമൊരു കയ്യൊപ്പ്‌





ഏതോ ഒരു ചലച്ചിത്രോത്സവത്തിലെ ഇരുണ്ട തീയേറ്റര്‍ ഹാളിലിരുന്നാണ്, പിന്നില്‍ നിന്നും-എടുത്തു മാറ്റിയ ചതുര കട്ടകള്‍ക്ക് ഇടയിലൂടെ നിഴലും വെളിച്ചവും ഇടകലര്‍ത്തി പ്രകാശ രശ്മികള്‍ വെള്ളിത്തിരയിലേക്ക് പറന്നിറങ്ങി അപ്പുവിന്റെ കൊച്ചു ലോകം പാതെര്‍ പാഞ്ചാലി എന്ന ചലച്ചിത്ര കാവ്യമായി തൊട്ടു മുന്നിലെ സ്ക്രീനിലും ഒപ്പം എന്റെ മനസ്സിലും കയ്യൊപ്പ്‌ വെച്ചത്..

അതിനു മുന്‍പേ തന്നെ സത്യജിത്‌ റേ എന്ന മഹാ സംവിധായകനെ കുറിച്ചും അദ്ദേഹത്തിന്റെ കഥകളെക്കുറിച്ചും വായിച്ചറിഞ്ഞു മനസ്സില്‍ ഉറച്ചിരുന്നൂ..

കല്‍ക്കത്തയില്‍ നിന്നും വന്ന സുഹൃത്ത്‌ സൌരവിന്റെ ലാപ്‌ടോപ്പില്‍ നല്ല ബംഗാളി പാട്ടുകള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിലാണ് അവന്‍ ഓട്ടോഗ്രാഫ്‌ എന്ന സിനിമയെക്കുറിച്ച് സൂചിപ്പിച്ചത്..എനിക്ക് ശ്രേയാ ഘോഷ്വാലിനോടുള്ള ഇഷ്ടം മനസ്സിലാക്കിയാവണം അവന്‍ ആ സിനിമയിലെ പാട്ടുകള്‍ എന്നെ കേള്‍പ്പിച്ചു..പിന്നെ, സിനിമയെക്കുറിച്ച് പറഞ്ഞു..സത്യജിത്‌ റേ യുടെ നായക് എന്ന സിനിമയ്ക്കുള്ള ട്രിബ്യൂ ആണ് ഈ സിനിമ എന്ന് പറഞ്ഞു ഒരു കോപ്പി കാണുവാന്‍ തന്നു..

ഈയടുത്ത കാലത്ത്‌ ഒരു സിനിമ രണ്ടു പ്രാവിശ്യം കണ്ടിട്ടുണ്ടെങ്കില്‍ അത് ഇതാണ്..

ഒരു ഗാനം

ഇന്ദ്രനീല്‍ സെന്‍ഗുപ്ത അവതരിപ്പിക്കുന ശുവോബ്രത എന്ന പുതുമുഖ സംവിധായകന്‍ തന്റെ ആദ്യ സിനിമ സത്യജിത് റേ ചിത്രമായ നായക്‌ റീമേക്ക് ചെയ്യുവാനുള്ള സ്ക്രിപ്ടുമായാണ് അരൂണ്‍ ചാറ്റര്‍ജി(പ്രസൂണ്‍ജിത് ചാറ്റര്‍ജി) എന്ന സൂപ്പര്‍ സ്റ്റാറിനെ തേടിയെത്തുന്നത്..പുതുമുഖ സംവിധായകന് വേണ്ടി കാത്തിരിക്കുന്ന അരൂണ്‍, ചിത്രം നിര്‍മ്മിച്ച് നായകനായി അഭിനയിക്കാന്‍ വാക്ക് നല്‍കുന്നു..

ശുബോ, തന്റെ കാമുകിയും ലീവ്-ഇന്‍ പാര്‍ട്ട്ണ്ണറുമായ ശ്രീനന്ദിത (നന്ദന സെന്‍ഗുപ്ത)യെ നായികയാക്കി സിനിമ ചിത്രീകരണം ആരംഭിക്കുന്നു..തിരക്കഥയും, സിനിമാ ചിത്രീകരണത്തിലെ രംഗങ്ങളും, യഥാര്‍ത്ഥ ജീവിതവും, സ്വപ്നങ്ങളും ഇടകലര്‍ന്നു ഓട്ടോഗ്രാഫ്‌ പിന്നീടങ്ങോട്ട് ഒരു നദി പോലെ, സുഖമുള്ള ഒരു പാട്ട് പോലെ ഒഴുകുകയാണ്..ഇടക്കിടെ ജീവിതം ചിത്രീകരിക്കപ്പെടുന്ന ചലച്ചിത്രത്തിലെ രംഗങ്ങളുമായി ഇഴുകി ചേര്‍ന്ന് വേര്‍ തിരിച്ചെടുക്കാന്‍ പ്രയാസമുള്ളത് പോലെ മുന്നില്‍ തെളിയും..ശ്രീ നന്ദിതയും, അരൂണ്‍ ചാറ്റര്‍ജി യും തങ്ങളുടെ ജീവിതങ്ങള്‍..സ്വപ്നങ്ങള്‍ ഇവയെല്ലാം പരസ്പരം മനസ്സിലാക്കുന്നു..ആജ്‌ കാ നായക്‌ എന്ന ചിത്രീകരിക്കപ്പെടുന്ന സിനിമയിലെ രംഗങ്ങള്‍ തന്റെ തന്നെ അനുഭവങ്ങളിലൂടെ എത്രമാത്രം സഞ്ചരിക്കുന്നൂ എന്ന് അരൂണ്‍ ചാറ്റര്‍ജി പലതവണ മനസ്സിലാക്കുന്നൂ..ഫാന്റസികളിലൂറെയും, കഥാപാത്രങ്ങളുടെ സംഭാഷനങ്ങളിലൂടെയും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്നതില്‍ ഓട്ടോഗ്രാഫ്‌ വളരെയധികം വിജയിച്ച്ചിരിക്കുന്നൂ എന്ന് വേണം പറയാന്‍..
അതിനിടയില്‍ ശ്രീ നന്ദിതയുടെ ഹാന്‍ഡി ക്യാമില്‍ പതിയുന്ന ചില ദൃശ്യങ്ങള്‍, ശ്രീ നന്ദിതയും അരൂണ്‍ ചാറ്റര്‍ജിയും തമ്മിലുള്ള ചില നിമിഷങ്ങള്‍..അരൂണ്‍ ചാറ്റര്‍ജിയുടെ ചില കുറ്റ സമ്മതങ്ങള്‍..തന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിക്കായി ഉപയോഗിക്കാന്‍ ശുബോ തീരുമാനിക്കുന്നിടത്ത്‌ കഥ ഒരു വഴിത്തിരിവില്‍ എത്തുന്നൂ..

ഒരു സൂപ്പര്‍ സ്റ്റാര്‍ ഈഗോ തുടങ്ങി പലവിധ ഭാവ വ്യതിയാനങ്ങളിലൂടെ കടന്നു പോകുന്ന പ്രസൂണ്‍ ചാറ്റര്‍ജിയുടെ അരൂണ്‍ എന്ന കഥാപാത്രം സിനിമ കണ്ടു ഒരു പാടു നാളുകള്‍ക്കു ശേഷവും നിങ്ങളെ പിന്തുടരും..തീര്‍ച്ച..
ശ്രീന്‍ അഥവാ നന്ദന സെന്‍ ബുദ്ധിമതിയായ ഒരു സുന്ദരി ആയി ഈ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്ച വെച്ചു. ശുബോ ആയി വരുന്ന ഇന്ദ്രനീല്‍ സെന്‍ ഗുപ്ത നന്നായിരുന്നൂ..അരൂണ്‍ ചാറ്റര്‍ജിയുടെ ബാല്യകാല സുഹൃത്തും, മാനേജരുമായ ആശു(Piyush Ganguli) എന്ന കഥാപാത്രമായ്‌ വരുന്ന നടനും നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്..

ഇമ്പമുള്ള ഗാനങ്ങള്‍..നല്ല സൌണ്ട് ട്രാക്ക്‌..മനോഹരമായ ഫോട്ടോഗ്രാഫി..സുന്ദരമായ സംഭാഷണങ്ങള്‍ (സബ്‌ ടൈറ്റില്‍ കീ ജെയ്..)..ഒരിക്കലും പാളിപോവാത്ത തിരക്കഥ..പ്രതീക്ഷിക്കാത്ത ലളിതമായ ഒരു ക്ലൈമാക്സ്..ശ്രിജിത്‌ മുഖര്‍ജി യുടെ മികച്ച സംവിധാനം..

മനസ്സിനെതൊട്ട ഒരു സിനിമാനുഭവം..ഇതിലെ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരാണ്..നന്മയുടെയോ തിന്മയുടെയോ പൊയ്മുഖങ്ങള്‍ കഥാപാത്രങ്ങളായി വരുന്നില്ല..

ഡി.വി.ഡി കിട്ടുകയാണെങ്കില്‍ കാണുക..ഇല്ലെങ്കില്‍ ഷാരൂഖ്‌-രണ്ബീര്‍ ജോഡി അഭിനയിക്കുന്ന ബോളിവുഡ്‌ ചിത്രമായും വരുന്നൂ എന്ന് കേള്‍ക്കുന്നു..ഏതായാലും ഷാരൂഖിനെ ക്കാള്‍ അരൂണ്‍ ചാറ്റര്‍ജി യുടെ വേഷം ചേരുക അജയ്‌ ദേവഗന്‍ ആവും..

ഉത്സവവും, തറവാട്ടിലെ കാരണവര്‍ കളിയും, അധോലോക ഒറ്റയാള്‍ പടയുമായും മാത്രം സിനിമകള്‍ സൃഷ്ടിക്കാന്‍ മാത്രം ശീലിച്ച ..എന്നിട്ടും പണ്ട് വിവരമുള്ളവര്‍, ഭാവനയുള്ളവര്‍ ചെയ്തു വെച്ച സിനിമകളുടെ തറവാട്ടു മഹിമയില്‍ ഊറ്റം കൊണ്ട് ജീവിക്കുന്ന ചില മലയാള സിനിമ സംവിധായകര്‍ക്ക് ഈ സിനിമയുടെ ഓരോ കോപ്പി അയച്ച് കൊടുക്കാമായിരുന്നു..

[പിന്‍ കുറിപ്പ്‌: ഈ ചിത്രം മലയാളത്തില്‍ എടുക്കുകയാണെങ്കില്‍ അരൂണ്‍ ആയി മമ്മൂട്ടി യോജിക്കും..ശുബോ ആയി പ്രിഥ്വി യും..ശ്രീന്‍ ആയി നന്ദന സെന്‍ തന്നെ വരേണ്ടി വരും..പക്ഷെ നമുക്ക്‌ സമര്‍പ്പിക്കാന്‍ മലയാളത്തിനൊരു സത്യജിത്‌ റേ യോ നായകോ ഇല്ലല്ലോ..]

വിക്കി ലിങ്ക്
കൂടുതല്‍ വിശേഷങ്ങള്‍
From My Blog

ഒരു മനോഹര ഗാനം