Tuesday, July 17, 2007

കലിമഴക്കാലം

ബാംഗ്ലൂര്‍-കോഴിക്കോട് ബസ് കൊടുവള്ളിക്കടുത്ത് മഴയില്‍ പെട്ട ചിത്രം..(കടപ്പാട് മാധ്യമം..)
രാവിലെ വീട്ടില്‍ നിന്നും അമ്മയുടെ ഫോണ്‍ വന്നു..വീടിനു മുന്നിലൂടെ ഒഴുകുന്ന ചാലിയാര്‍പ്പുഴയുടെ കൈവഴികളില്‍ ഒന്നായ ചെറുപുഴ നിറഞ്ഞു കവിഞ്ഞിരിക്കുന്നുവത്രെ...വീടിനോട് ചേര്‍ന്നുള്ള വഴികളിലേക്ക് പുഴ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നു..എന്റെ സുഹൃത്തുക്കളും അയല്‍‌വാസികളുമായ ചിലരുടെ പലചരക്കു പീടികകളില്‍ അരയാള്‍ ഉയരത്തില്‍ വെള്ളം നിറഞ്ഞു, തലേന്നു മാത്രം ഇറക്കി സ്റ്റോക് ചെയ്ത അരി,കാലിത്തീറ്റ തുടങ്ങിയ സാധനങ്ങള്‍ ഉപയോഗശൂന്യമായെന്നും അമ്മ പറഞ്ഞറിഞ്ഞു...കുടിയേറ്റ മേഖലകളുടെ ജീവിത താളം തെറ്റാന്‍ ഇതൊക്കെ ധാരാളം...


തുടര്‍ച്ചയായി രണ്ട്‌ ദിവസമായി കനത്ത മഴയാണെങ്ങും..കുടിയേറ്റമേഖലകളില്‍ മഴക്കാലത്തോട്‌ കൂട്ടുച്ചേര്‍ന്ന് പൊട്ടിപ്പുറപ്പെടുന്ന ഉരുള്‍പൊട്ടലുകള്‍ സൃഷ്ടിക്കുന്ന ചെളിനിറഞ്ഞു കലങ്ങിമറഞ്ഞ മലവെള്ളം പുഴയില്‍ കുത്തിയൊലിച്ചൊഴുകുകയാണ്...തോട്ടുമുക്കത്തോട്‌ ചേര്‍ന്നു നില്‍ക്കുന്ന വെറ്റിലപ്പാറഗ്രാമത്തില്‍, വെറ്റിലപ്പാറ പള്ളിക്കെതിര്‍വശത്തുള്ള കുന്നില്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് ജനങ്ങളാകെ പരിഭ്രാന്തരായിരിക്കുകയാണത്രെ...


സമീപപ്രദേശമായ മുക്കവുമായി ബന്ധിപ്പിക്കുന്ന പാറത്തോട്‌ റോഡിനോട്‌ ചേര്‍ന്നുള്ള വീട്ടില്‍ മണ്ണിടിഞ്ഞു വീണു രണ്ട്‌ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച വാര്‍ത്ത ഓണ്‍ലൈന്‍ എഡിഷനുള്ള പത്രങ്ങളിലെല്ലാം വായിച്ചു...ആ കുട്ടികളെ എനിക്കറിയാമെന്നു അമ്മയുടെ വാക്കുകളില്‍ നിന്നും തിരിച്ചറിയുന്നു...


എന്റെ കുട്ടിക്കാലത്തും ഇതുപോലുള്ള വെള്ളപ്പൊക്കങ്ങള്‍ ധാരാളം കാണാറുണ്ടായിരുന്നു..നല്ല ഒന്നാന്തരം ചായയുടെ നിറമുള്ള കലങ്ങിമറിഞ്ഞ വെള്ളത്തില്‍ ഒഴുകി നടക്കുന്ന പൊങ്ങുതടികളും,തേങ്ങാക്കുലകളും,കൂമ്പടഞ്ഞ വാഴകളും, പുഴയുടെ മുകള്‍ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ഉപയോഗിക്കുന്ന മുളകള്‍ചേര്‍ത്തുവെച്ചുണ്ടാക്കിയ തൂക്കുപാലങ്ങള്‍..ചിലപ്പോള്‍ വിഷപ്പാമ്പുകളും എല്ലാം..എല്ലാം..


അടക്കിപ്പിടിച്ച ഉള്‍ദ്രാവകം എല്ലാ നിയന്ത്രണങ്ങളും ഭേദിച്ച്‌ നീരുറവകള്‍ ശക്തിയോടെ വഴിയില്‍ത്തടയുന്ന കൂറ്റന്‍ പാറക്കെട്ടുകളേയും, റബര്‍മരങ്ങളേയും,കുറ്റിച്ചെടികളേയും ഇളക്കിമറിച്ച്‌ കുന്നുകളെ പുഴകളാക്കി,പുഴകളെ ചേര്‍ സമുദ്രങ്ങളാക്കി...പിന്നെ,ആഴ്‌ചുഴികളില്‍ പിണയുന്ന കാലുകളെ സ്വയം ആവാഹിച്ച്‌..എല്ലാം തകര്‍ത്തെറിഞ്ഞു പുറമേക്ക്‌ ശാന്തമായും ഉള്ളില്‍ സംഹാര്‍മൂര്‍ത്തിയായും ഒഴുകുന്ന മലവെള്ളപ്പാച്ചിലുകള്‍..


തലേന്ന് വീട്ടുമുറ്റത്ത്‌ ഒഴുക്കികളിച്ച കടലാസ്‌ തോണികള്‍, മഴയൊഴിഞ്ഞ ദിവസങ്ങളില്‍ ചെളിമൂടിയ ചേനത്തലപ്പുകളില്‍ പൂണ്ട്‌കിടക്കുന്നത്‌ തേടിപ്പോവുന്ന ബാല്യകാലത്തിന്റെ മഴക്കാഴ്‌ച്ചകളില്‍ നിന്നും വേറിട്ട്‌ ഈ മഴക്കാഴ്ച്ചകള്‍ ദുരിത ചിത്രങ്ങളായി മാറുന്നതു പോലെ...


വെളിച്ചമില്ലാത്ത കൂരകളിലിരുന്നു..പനിച്ചൂടില്‍ പുതച്ച്‌ ചുക്കുകാപ്പികുടിച്ച്‌ പഴമക്കാരായ പ്രകൃതിയുടെ പൊരുളറിഞ്ഞ മലയോരകര്‍ഷകന്‍ ഇപ്പോള്‍ പറയുന്നുണ്ടാവും ഒടുങ്ങാത്ത പനിയും,തോരാത്ത പെരുമഴയും..ലോകാവസാനമടുത്തിരിക്കുന്നൂ......


(ഈ വാരാന്ത്യം വീട്ടില്‍ പോവണം എന്നു വിചാരിച്ചിരുന്നതാണു...മഴ ചതിക്കുമോ....)